
നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ഹർജി, നിർണായക നീക്കവുമായി അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.
താന്‍ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതല്‍ സ്വീകരിച്ച നടി ഇപ്പോള്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്. ഇനി കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്.
സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എന്നാല്‍ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നതോടെയാണ് നടി നിര്‍ണായക നീക്കം നടത്തുന്നത്. നേരത്തെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് അതിജീവിത നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ നേരത്തെ അതിജീവിത കോടതി അലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. വിചാരണ കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. നടന്‍ ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.