
ആത്മഹത്യാശ്രമം മാനസിക സമ്മര്ദത്തിനടിമപ്പെട്ടെന്ന് യുവതി; കേസെടുക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: മാനസികാരോഗ്യ നിയമമുള്‍പ്പെടെ സാമൂഹികക്ഷേമം മുന്‍നിര്‍ത്തിയുള്ള എല്ലാ നിയമ വ്യവസ്ഥകള്‍ക്കും മുന്‍കാല പ്രാബല്യം നല്‍കാനാകുമെന്ന് ഹൈക്കോടതി. ആത്മഹത്യാശ്രമത്തിനെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ യുവതി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേസ് റദ്ദാക്കിയ കോടതി മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്നവരെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്തണമെന്നും പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള മറ്റ് രോഗികള്‍ക്ക് സമാന പരിഗണന നല്‍കണം. അവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കാരിക്കെതിരെ 2016ലാണ് ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മാനസികാരോഗ്യ നിയമം നിലവില്‍ വന്ന 2017 ന് മുന്‍പ് നടന്ന സംഭവമാണിതെന്നും അന്ന് എല്ലാതരത്തിലുള്ള ആത്മഹത്യാ ശ്രമങ്ങളും കുറ്റകരമായതിനാല്‍ കേസ് നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാനസിക സമ്മര്‍ദത്തിലാണ് ആത്മഹത്യാ ശ്രമമെന്നായിരുന്നു യുവതിയുടെ വാദം. ഇക്കാര്യം പരിഗണിച്ചാണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.