അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണ്; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണെന്ന് ഉമ തോമസ് പറഞ്ഞു. കോടതി കസ്റ്റഡിയിൽ നിന്ന് അനധികൃതമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചന്നത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിർത്തിയുള്ള അന്വേഷണം വേണമെന്നും ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ കാര്യത്തിൽ ഉണ്ടാകണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.
മെമ്മറി കാര്‍ഡിലെ അട്ടിമറിയിൽ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയതിന് പിന്നാലെയാണ് പിന്തുണയുമായി ഉമ തോമസ് രംഗത്തെത്തിയത്. അട്ടിമറി അന്യായവും ഞെട്ടിക്കുന്നതുമാണ്. തന്‍റെ സ്വകാര്യത കോടതിയിൽ പോലും സുരക്ഷിതമല്ല. ഭരണഘടന അനുവദിച്ച അവകാശമാണ് നിഷേധിക്കപ്പെട്ടത്.
ഇരയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്ന് ദുരനുഭവമുണ്ടാകുന്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണ്. എന്നാൽ സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസത്തോടെ നീതി കിട്ടും വരെ പോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധ തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.