
കോടികളുമായി ട്രംപ് ഇന്ത്യയിലേക്ക്…അംബാനിമാരെ ചാക്കിട്ട് പിടിക്കും
ദില്ലി: ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറായി ട്രംപിന്റെ കമ്പനി. 15000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് നീക്കം. പദ്ധതിക്ക് അന്തിമ രൂപം നല്കാന്‍ ട്രംപിന്റെ മക്കള്‍ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം വട്ടം അധികാരത്തിലെത്തിയ ഡോണള്‍ഡ് ട്രംപ് ഇന്ത്യയുമായി എങ്ങനെ സഹകരിക്കും എന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല. അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് നരേന്ദ്ര മോദിയെ ട്രംപ് ക്ഷണിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. വ്യവസായി മുകേഷ് അംബാനിക്കും നീതാ അംബാനിക്കുമൊപ്പം ട്രംപ് കമ്പനിയുടെ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് പങ്കാളി കല്‍പേഷ് മേത്തയും അമേരിക്കയിലെ ചടങ്ങിലുണ്ടായിരുന്നു.
ഗുരുഗ്രാം, പൂനെ, മുംബൈ, കൊലക്കത്ത എന്നീ നഗരങ്ങളിലാണ് നിലവില്‍ ട്രംപ് ടവറുകള്‍ എന്ന പേരില്‍ ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ പണിയുന്നത്. 7000 കോടി രൂപയാണ് നിലവിലെ പദ്ധതികളില്‍ നിന്ന് ട്രംപ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. എട്ടു ട്രംപ് ടവറുകളുടെ നിര്‍മ്മാണം കൂടി തുടങ്ങാനാണ് ട്രംപിന്റെ മക്കളായ എറിക് ട്രംപ്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവര്‍ പദ്ധതിയിടുന്നത്. ട്രംപ് ജൂനിയറിന്റെ സഹപാഠി കൂടിയായ കല്‍പേഷ് മേത്തയുമായി ഇക്കാര്യം ആലോചിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
നിലവിലുള്ള നഗരങ്ങള്‍ക്ക് പുറമെ നോയിഡ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും ട്രംപ് ടവറുകള്‍ നിര്‍മ്മിക്കാനാണ് ആലോചന. പതിനയ്യായിരം കോടി രൂപ ഈ പുതിയ പദ്ധതികള്‍ വഴി സമാഹരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആദ്യ ട്രംപ് സര്‍ക്കാരിന്റെ കാലത്ത് ട്രംപ് കമ്പനിയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം കിട്ടിയിരുന്നു.