തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ

തമിഴ് സിനിമയിലെ പുതിയ താരോദയം; പ്രദീപ് രംഗനാഥന്റെ ‘ഡ്രാഗൺ’ 100 കോടി ക്ലബ്ബിൽ

പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗണ്‍’ 100 കോടി ക്ലബ്ബില്‍ ഇടം നേടി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ലവ് ടുഡേ’ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ‘ഡ്രാഗണ്‍’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയാണ് മുന്നേറുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ എത്തിയ ചിത്രത്തിന് കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലുമായി മികച്ച ബോക്‌സ് ഓഫീസ് പ്രകടനവും ചിത്രം കാഴ്ചവെക്കുന്നുണ്ട്.

അനുപമ പരമേശ്വരന്‍, കയാഡു ലോഹര്‍, ഗൗതം വാസുദേവ് മേനോന്‍, ജോര്‍ജ് മരിയന്‍, കെ.എസ്. രവികുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വിജയ് ചിത്രം ‘ദി ഗോട്ടി’ന് ശേഷം എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പ്പാത്തി എസ്. അഘോരം, കല്‍പ്പാത്തി എസ്. ഗണേഷ്, കല്‍പ്പാത്തി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ എസ് പിക്‌ചേഴ്‌സ് ത്രൂ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം വിതരണം ചെയ്തത്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ലിയോണ്‍ ജെയിംസാണ്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഏകദേശം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏകദേശം 75 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍. ചിത്രത്തിന്റെ വിദേശ കളക്ഷന്‍ 25 കോടി രൂപ കവിഞ്ഞു. യുവപ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന ചിത്രം ഈ വര്‍ഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )