
വെഞ്ഞാറമൂട് കൂട്ട കൊലപാതകം; 2 കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ രണ്ടു കേസുകളിൽ കൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെൺസുഹൃത്ത് ഫർസാന,സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിതാവിൻ്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ അറസ്റ്റ് കസ്റ്റഡിയിൽ വാങ്ങിയശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. പ്രതി റിമാൻഡിൽ കഴിയുന്ന മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അതിന് ശേഷമാകും ജയിലിലേക്ക് മാറ്റുക.
കേസിൽ പ്രതിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പണം കടം കൊടുക്കാനുള്ളവരുടെ പേരെഴുതിയ ഷെമിയുടെ ഡയറി പൊലീസിന് കിട്ടിയെന്നാണ് വിവരം. എന്നാൽ ഷെമിയുടെ മൊഴിയെടുക്കാൻ സാധിക്കാത്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കളോട് കടം നൽകിയവരെ കുറിച്ചുള്ള വിവരം പൊലീസ് ചോദിച്ചറിയുന്നുണ്ട്.
അമ്മ ഷെമിയെ ആക്രമിച്ചതും, സൽമാ ബീവി, ലത്തീഫ് ഭാര്യ ഷാജിത ബീവി എന്നിവരെ കൊല ചെയ്തതായി ഫർസാനയോട് അഫാൻ പറഞ്ഞു.. സാമ്പത്തിക ബാധ്യതയും കൊലപ്പെടുത്തുന്നതിന് മുൻപ് ഫർസാനയെ അറിയിച്ചു. ഇനി എങ്ങനെ ജീവിക്കുമെന്ന് കരഞ്ഞു കൊണ്ട് ഫർസാന ചോദിച്ചതിന് പിന്നാല ചുറ്റിക കൊണ്ട് ക്രൂരമായി അടിച്ച് കൊന്നു. കൊല ചെയ്യുന്നതിന് മുൻപ് സഹോദരൻ അഫ്സാനോടും ഇക്കാര്യങ്ങൾ പറഞ്ഞു. ഇരുവരെയും കൊലപ്പെടുത്താനുള്ള ധൈര്യം ലഭിക്കാനാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിൽ മൊഴി നൽകി.
കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയതാണ് സൽമാബീവിയെ കൊലപ്പെടുത്താനുള്ള കാരണമായി പറയുന്നത്. പുതിയ ബൈക്ക് വാങ്ങിയതിൽ ഉൾപ്പെടെ തന്നെ നിരന്തരമായി കുറ്റപ്പെടുത്തിയതിനാണ് പിതൃസഹോദരൻ ലത്തീഫിനെ കൊന്നത്. ലത്തീഫിൻ്റെ ഭാര്യ ഷാജിത ബീവിയെ കൊല്ലണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ല. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറഞ്ഞാൽ തുടർ കൊലപാതകങ്ങൾ തടസ്സപ്പെട്ടാലോ എന്ന് കരുതി ഷാജിതയെയും കൊന്നു. ഇതാണ് പാങ്ങോട് പൊലീസിൽ പ്രതി നൽകിയ മൊഴി.