സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നത് പിണറായി വിജയൻ: കെ സുരേന്ദ്രൻ

സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നത് പിണറായി വിജയൻ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തില്‍ സിപിഐഎം പ്രവര്‍ത്തിക്കുന്നത്.

പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകള്‍ വഴി സിപിഐഎം കൈക്കലാക്കിയത് കണ്ടുകഴിഞ്ഞുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ അഴിമതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സിപിഐഎമ്മിലും സര്‍ക്കാരിലും ഏറ്റവും ആദ്യം തിരുത്തേണ്ട വ്യക്തി പിണറായി വിജയനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് തുടര്‍ച്ചയായി പ്രഖ്യാപിക്കുന്നത്. വന്‍തോല്‍വിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുസ്ലിം പ്രീണനം നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. ഭൂരിപക്ഷ ജനവിഭാഗങ്ങളോട് പകവീട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നഗ്‌നമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തത്. അത്തരം നിലപാടെടുത്തതിന് മുഖ്യമന്ത്രി ഇതര സമുദായങ്ങളോട് മാപ്പുപറയണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )