മുകേഷ് രാജിവെക്കണം; മഹിളാ കോൺഗ്രസ് പ്രതിഷേധം നാളെ

മുകേഷ് രാജിവെക്കണം; മഹിളാ കോൺഗ്രസ് പ്രതിഷേധം നാളെ

തിരുവനന്തപുരം: ലൈം​ഗികാരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ നടനും എംഎൽഎയുമായ മുകേഷിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. മഹിളാ കോൺഗ്രസ് മുകേഷിനെതിരായ പ്രതിഷേധം ശക്തമാക്കും. ജില്ലാ ഭരണകേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് നാളെ പ്രതിഷേധിക്കും. രാജി ആവശ്യപ്പെട്ട് യുഡിഎഫിലെ വനിതാ നേതാക്കൾ രം​ഗത്തെത്തി. ധാര്‍മികതയും നിയമബോധവുമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനത്ത് മുകേഷിന് തുടരാന്‍ കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു.

ചില സിപിഐഎം നേതാക്കള്‍ മുകേഷിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്. സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും ആരോപണപരമ്പരകള്‍ ഉയര്‍ന്ന നേതാവ് വേറെയില്ല. മുകേഷ് എത്രയും പെട്ടെന്ന് രാജിവെക്കണം. അന്തസ്സുണ്ടെങ്കില്‍ രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

മുകേഷ് രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാൻ ആവശ്യപ്പെട്ടു. മുകേഷിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 11 പേജുകള്‍ സര്‍ക്കാര്‍ വെട്ടി. ഈ പേജുകളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ടവരുടെ പേരുകളുണ്ട്. അവരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും സംശയമുണ്ടെന്നും അവര്‍ പ്രതികരിച്ചു.

മുകേഷ് എംഎല്‍എയുടെ രാജി സിപിഐഎം ചോദിച്ചുവാങ്ങണമെന്ന് കെ കെ രമ എംഎല്‍എയും ആവശ്യപ്പെട്ടു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ മുകേഷിന് യോഗ്യതയില്ല. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ മുകേഷിന് അര്‍ഹതയില്ല. ധാര്‍മികതയുടെ പേരിലൊന്നും മുകേഷ് രാജി വെക്കുമെന്ന് കരുതുന്നില്ല. മുകേഷിനെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. സിപിഐഎം ഇപ്പോഴും മുകേഷിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. മതില്‍ തീര്‍ത്താല്‍ മാത്രം പോര, സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം. ഇതൊരു തുടക്കമായി കാണുകയാണ്. പല രംഗങ്ങളിലും സ്ത്രീകള്‍ പുറത്തുവരണം. പല മേഖലകളിലെയും പൊയ്മുഖങ്ങള്‍ പുറത്തുവരണമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )