തമിഴ്‌നാട്ടില്‍ ഉരുള്‍പ്പൊട്ടല്‍: 3 വീടുകള്‍ മണ്ണിനടിയില്‍, 7 പേരെ കാണാതായി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് അടക്കം വിളിച്ചുവെന്നും എന്നാല്‍ പ്രതികരണം ലഭിച്ചില്ലെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നത് എന്നാണ് വിവരം. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. തമിഴ്‌നാട് ഫയര്‍ ഫോഴ്സും റെസ്‌ക്യു സര്‍വീസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മുതല്‍ തിരുവണ്ണാമലയില്‍ കനത്ത മഴയാണ് പെയ്യുന്നത്.