
ഇസ്രയേല്‍ സൈന്യം ലബനനില്‍നിന്നു പിന്മാറില്ല; ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ഇസ്രയേലിസേന തെക്കന്‍ ലബനനില്‍നിന്നു പിന്മാറില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിര്‍ദേശിച്ച നിബന്ധനകളില്‍ നിന്നും പിന്മാറ്റം ഉണ്ടാവുകയാണെന്ന് കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ 27ലെ വെടിനിര്‍ത്തല്‍ ധാരണ പ്രകാരം 60 ദിവസത്തിനകം ഇസ്രേലി സേന തെക്കന്‍ ലബനനില്‍നിന്നു പിന്‍മാറേണ്ടതാണ്. ഇന്നലെ പുലര്‍ച്ചെ നാലിന് 60 ദിവസം പൂര്‍ത്തിയായി. പിന്നാലെയാണ് ഇസ്രയേലി സേന തെക്കന്‍ ലബനനില്‍നിന്നു പിന്മാറില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇക്കാലയളവില്‍ ഇസ്രേലി അതിര്‍ത്തിയോടു ചേര്‍ന്ന ലബനീസ് പ്രദേശങ്ങളില്‍നിന്നു ഹിസ്ബുള്ള പിന്‍വാങ്ങി പകരം ലബനനിലെ ഔദ്യോഗിക സേനയെ വിന്യസിക്കണമെന്നും കരാറിലുണ്ടായിരുന്നു.
വെടിനിര്‍ത്തല്‍ ധാരണ പൂര്‍ണമായും നടപ്പാകാത്ത പശ്ചാത്തലത്തില്‍ സേനയുടെ പിന്മാറ്റം ഘട്ടംഘട്ടമായിട്ടായിരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റള്ളയെയും മറ്റ് മുതിര്‍ന്ന അംഗങ്ങളെയും നേരത്തെ ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുള്ളയ്ക്കൊപ്പം ലെബനനിലെ സാധാരണ ജനങ്ങളെയും ആക്രമണം ബാധിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ സാധാരണക്കാരടക്കം മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.