
നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഇറാൻ; ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ചർച്ച നടത്തി
വധശിക്ഷ കാത്ത് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഇറാന്‍. ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തി. ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്.
മസ്‌കത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു.
2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. 2017ലാണ് യെമന്‍ പൗരന്‍ കൊല്ലപ്പെട്ടത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.