ക്രിക്കറ്റ് ലോകകപ്പില്‍ ഞെട്ടിച്ച് അമേരിക്ക; കാനഡയെ തകര്‍ത്ത് നേടിയത് ചരിത്രനേട്ടം

ക്രിക്കറ്റ് ലോകകപ്പില്‍ ഞെട്ടിച്ച് അമേരിക്ക; കാനഡയെ തകര്‍ത്ത് നേടിയത് ചരിത്രനേട്ടം

.സി.സി ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിച്ച് യുഎസ്എ. അയല്‍രാജ്യമായ കാനഡയെ ഏഴു വിക്കറ്റുകള്‍ക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അമേരിക്ക 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു.

പുറത്താവാതെ 40 പന്തില്‍ 94 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് അമേരിക്ക ജയിച്ചു കയറിയത്. 235 സ്ട്രൈക്ക് റേറ്റില്‍ നാല് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളുമാണ് ജോണ്‍സിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ആരോണ്‍ ജോണ്‍സ് സ്വന്തമാക്കിയത്. ടി 20 ലോകകപ്പില്‍ നാലാം നമ്പറില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇനി ജോണ്‍സ് സ്വന്തം പേരില്‍. 2007 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ സൗത്ത് ആഫ്രിക്കന്‍ താരം ജസ്റ്റിന്‍ കെമ്പ് നേടിയ 89 റണ്‍സ് മറികടന്നായിരുന്നു അമേരിക്കന്‍ താരത്തിന്റെ മുന്നേറ്റം.

ആരോണ്‍ ജോണ്‍സിനു പുറമേ അന്‍ഡ്രീസ് ഗ്രൗസ് 46 പന്തില്‍ 65 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. അതേസമയം ആദ്യം ബാറ്റ് ചെയ്ത കാനഡക്കായി നവനീത് ദലിവാള്‍ 44 പന്തില്‍ 61 റണ്‍സും നിക്കോളാസ് കിര്‍ട്ടന്‍ 31 പന്തില്‍ 51 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ജനുവരി ആറിനാണ് അമേരിക്കയുടെ അടുത്ത മത്സരം. പാകിസ്ഥാനെയാണ് അമേരിക്ക നേരിടുക. ജൂണ്‍ ഏഴിന് കാനഡ അയര്‍ലാന്‍ഡിനെ നേരിടും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )