കുടിവെള്ളമില്ലാതെ തിരുവനന്തപുരം നഗരം; നാലാം ദിനവും നെട്ടോട്ടമോടി നഗരവാസികൾ

കുടിവെള്ളമില്ലാതെ തിരുവനന്തപുരം നഗരം; നാലാം ദിനവും നെട്ടോട്ടമോടി നഗരവാസികൾ

തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു. നഗരത്തിലെ 45 വാര്‍ഡുകളാണ് കുടിവെള്ളക്ഷാമത്താല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടര്‍ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാന്‍ ടാങ്കുകള്‍ ഉണ്ടായിരുന്നതു കൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ നഗരസഭ ഉദ്യോഗസ്ഥരടക്കം സമ്മര്‍ദ്ദത്തിലായി. വെള്ളമില്ലാത്തതിനാല്‍ പേരില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരാണ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത്.

തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എം എം പൈപ്പുകളുടെ അലൈന്‍മെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളില്‍ പമ്പിങ് നിര്‍ത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാല്‍ പ്രവൃത്തി നീണ്ടു പോയതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു.

എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ പണി പുരോഗമിക്കാതെ വരികയും സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയും ചെയ്തതോടെ സാധാരണക്കാര്‍ പെട്ടു. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെ വെള്ളമില്ലാതെ വലഞ്ഞിരുന്നു. ജല വിതരണത്തിന് പകരം സംവിധാനമൊരുക്കുന്നതില്‍ ജല അതോറിറ്റി അലംഭാവം കാട്ടിയതോടെ രൂക്ഷമായ പ്രതിഷേധമുണ്ടായി. ഇന്ന് മിക്ക സ്ഥാപനങ്ങളും ഞായറാഴ്ച ആയതിനാല്‍ അടച്ചിരിക്കുന്നത് വലിയ പ്രതിസന്ധി ഒഴിവാക്കി. എന്നാല്‍ വീടുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.

ഇന്ന് ഉച്ചയോടെയേ പണികള്‍ കഴിയൂ എന്ന് ജല അതോറിറ്റി അറിയിച്ചു. ടാങ്കര്‍ വഴി വെള്ളം എത്തിക്കുന്നുണ്ട്. വെള്ളം ആവശ്യമുള്ള സ്ഥലങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഖേന അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ ബന്ധപ്പെട്ട് ടാങ്കര്‍ വഴി വെള്ളം ആവശ്യപ്പെടാമെന്ന് ജല അതോറിറ്റി അറിയിച്ചു.

തുടര്‍ച്ചയായി 3 ദിവസം ശുദ്ധജലം മുടങ്ങിയതോടെ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ നഗരവാസികള്‍ മുടക്കിയത് വന്‍തുകയാണ്. 500 ലിറ്ററിന്റെ ടാങ്കറിന് 1500 മുതല്‍ 2000 രൂപ വരെ നല്‍കേണ്ടി വന്നു. ശുദ്ധജല വിതരണത്തിന് കോര്‍പറേഷന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അനധികൃതമായി വെള്ളം വില്‍ക്കുന്നവര്‍ രംഗത്തിറങ്ങുകയായിരുന്നു. സ്വന്തം ടാങ്കറുകള്‍ക്ക് പുറമേ 25 ടാങ്കര്‍ ലോറികള്‍ വാടകയ്ക്ക് എടുത്താണ് കോര്‍പറേഷന്‍ ശുദ്ധജല വിതരണം നടത്തിയത്.

ഉദ്യോഗസ്ഥരുടെ അലംഭാവത്തെ മന്ത്രി വി.ശിവന്‍കുട്ടിയും എംഎല്‍എമാരും വിമര്‍ശിച്ചു. സമയ പരിധിക്കുള്ളില്‍ ജല വിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്ന് മന്ത്രി വി.ശിവന്‍കുട്ടി അവലോകന യോഗത്തില്‍ ചോദിച്ചു. സാങ്കേതിക കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയേണ്ടെന്നും ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ജോലി മതിയാക്കി പോകണമെന്നും പറഞ്ഞ് ആന്റണി രാജു എംഎല്‍എ ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് പൈപ്പുകളുടെ അലൈന്‍മെന്റ് മാറ്റാന്‍ ഇത്രയും വാര്‍ഡുകളിലെ ജല വിതരണം മുടക്കണോ എന്നും വാല്‍വ് ക്രമീകരിക്കുന്നതില്‍ സാങ്കേതിക പിഴവ് ഉണ്ടായിരിക്കാമെന്നും വി.കെ.പ്രശാന്ത് എംഎല്‍എ ആരോപിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )