ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്? 2006-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് 18 വര്‍ഷത്തിനു ശേഷവും നീണ്ടുപോകുന്നു
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അടിവസ്ത്രം വിദേശിക്ക് പാകമല്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് കോടതി, വിദേശിയെ വെറുതെ വിട്ടു.
തുടര്‍ന്ന് 1994-ല്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് എസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.
2014-ല്‍ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റി. അന്നു മുതല്‍ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരാകുകയോ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെട്ടു.കേസ് പുനരന്വേഷിക്കാന്‍ 2023-ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉള്‍പ്പടെ നല്കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.