
‘ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍
ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇപി വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ നിലയില്‍ പ്രശ്നങ്ങളെ കാണാനോ സമീപിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കേരളത്തില്‍ യുഡിഎഫിന് എതിരായ അന്തരീക്ഷം വന്നിരിക്കുകയാണ്. ശശി തരൂരാണ് ശരി എന്ന് കോണ്‍ഗ്രസുകാര്‍ പറയുകയാണ്. ആ അഭിപ്രായത്തോടൊപ്പമാണ് നില്‍ക്കേണ്ടതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുകയാണ്. എന്നാല്‍ ഈ പുരോഗതി തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായി തീരുന്നോ എന്ന് ഭയന്ന് തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ ഒറ്റപ്പെട്ടു പോകും – ഇ പി ജയരാജന്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം വിവാദമായതിന് പിന്നാലെ പുതിയ കൂട്ടിച്ചേര്‍ക്കലുമായി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിക്കൊണ്ടുള്ള രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് തരൂര്‍ പങ്കുവച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് പ്രശംസിച്ചാണ് വിശദീകരണം.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായെന്നും അത് മനപ്പൂര്‍വമല്ലെന്നും തരൂര്‍ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.