
‘അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല’; ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ സുധാകരൻ
ശശി തരൂർ പാർട്ടിക്ക് വലിയ ക്ഷീണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. നേതൃത്വത്തിൽ ഇരുന്നു പറയാൻ പാടില്ലാത്തതാണ് തരൂർ പറഞ്ഞത്. പക്ഷേ അതിന്റെ പേരിൽ തൂക്കിക്കൊല്ലാൻ പറ്റില്ലെന്നും കെ സുധകരാണ് കൂട്ടിച്ചേർത്തു.
പാർട്ടി തീരുമാനത്തോടെ പ്രശ്‌നം അവസാനിച്ചു. നേതൃത്വത്തിൽ ഇരുന്നു പറയാൻ പാടില്ലാത്തതാണ് തരൂർ പറഞ്ഞത്. പക്ഷേ ചിലർ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്. വ്യാവസായിക വളർച്ചയിൽ ശശി തരൂരിന്റെ പ്രസ്താവന പൂർണ അർത്ഥത്തിൽ അല്ലെന്നും ചില അർദ്ധ സത്യങ്ങൾ ഉണ്ടെന്ന മട്ടിൽ ആയിരുന്നു പ്രസ്താവന നടത്തിയതെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഎം നിക്ഷേപക സംഗമം നടത്തുന്നത് കാലത്തിൻ്റെ മധുര പ്രതികാരമാണെന്നും കെ.സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ നിക്ഷേപക സംഗമം നടത്തിയപ്പോൾ സിപിഎം അത് ബഹിഷ്‌കരിച്ചെന്നും എന്നാൽ ഇപ്പോൾ പിണറായി സർക്കാർ നിക്ഷേപക സംഗമം നടന്നുന്നത് വൈകി വന്ന വിവേകമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം ഡിവൈഎഫ്‌ഐ പരിപാടിയിൽ തരൂർ പങ്കെടുക്കില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.