
നായകവേഷത്തിൽ സഞ്ജു സാംസൺ; ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ-പഞ്ചാബ് പോരാട്ടം
മുല്ലൻപുർ: ഐ.പി.എല്ലിൽ സഞ്ജു സാംസണ് ഇന്ന് നായകസ്ഥാനത്തേക്ക് തിരിച്ചെത്തും. പഞ്ചാബ് കിങ്സുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് ഏറ്റുമുട്ടും. പരിക്ക് കാരണം വിക്കറ്റ് കീപ്പറായി ഇറങ്ങാൻ സഞ്ജുവിന് അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളിച്ചത്. മൂന്നു കളികളിൽ നിന്ന് സഞ്ജു 99 റൺസ് നേടി. കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ അനുമതി ലഭിച്ചതോടെയാണ് സഞ്ജു ഇന്ന് നായക പദവിയിൽ തിരിച്ചെത്തുന്നത്. അതേസമയം രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റൻ എന്ന ബഹുമതിയാണ് മലയാളി താരത്തെ കാത്തിരിക്കുന്നത്. ഷെയ്ൻ വോണിനും സഞ്ജുവിനും 31 വീതം വിജയങ്ങളാണുള്ളത്.
ആദ്യ സീസണിൽ ഷെയ്ൻ വോൺ ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു. സ്റ്റീവ് സ്മിത്ത്, രാഹുൽ ദ്രാവിഡ് എന്നീ ക്യാപ്റ്റൻമാരേക്കാൾ മികച്ച ട്രാക്ക് റെക്കോഡാണ് സഞ്ജുവിനുള്ളത്. ക്യാപ്റ്റനായി 61മത്സരമാണ് സഞ്ജു കളിച്ചത്. ഇതിൽ 31ലും ജയിച്ചു. 29 എണ്ണം തോൽവിയിലും ഒരു മത്സരം ഫലമില്ലാതെയും അവസാനിച്ചു. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് ആദ്യ മൂന്ന് കളികളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനോട് 44 റൺസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിനും റോയൽസ് തോറ്റിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ചതാണ് പരാഗിന് അൽപം ആശ്വാസമായത്. ഈ യുവതാരത്തിന്റെ ക്യാപ്റ്റൻസിയിൽ ആരാധകർക്കും എതിർപ്പുണ്ടായിരുന്നു.
രാജസ്ഥാൻ നിരയിൽ യശസ്വി ജയ്സ്വാൾ ഫോമിലെത്തിയിട്ടില്ല. മൂന്ന് ഇന്നിംഗ്സുകളിൽ 1, 29, 4 എന്നിങ്ങനെയാണ് യുവതാരത്തിന്റെ സ്കോർ. മുംബൈ രഞ്ജി ടീം വിട്ട് ഗോവയിലേക്ക് കൂടുമാറിയ ജയ്സ്വാളിന് ഫോമിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ ഇന്ത്യൻ ടീമിലെ സ്ഥാനം വരെ നഷ്ടമാകും. ചാമ്പ്യൻസ് ട്രോഫി ടീമിൽനിന്ന് ജയ്സ്വാൾ പുറത്താക്കപ്പെട്ടിരുന്നു. രാജസ്ഥാന്റെ ബൗളിങ് നിരയും ദുർബലമാണ്. മഹീഷ് തീക്ഷ്ണ, സന്ദീപ് ശർമ, വനിന്ദു ഹസരംഗ എന്നിവർ കഴിവിനൊത്തുയർന്നാൽ രാജസ്ഥാന് വിജയപ്രതീക്ഷയുണ്ട്. മറുഭാഗത്ത് ഫോമിലുള്ള ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും സംഘവും രാജസ്ഥാന് വൻ വെല്ലുവിളിയാണ്. തുടർച്ചയായി രണ്ട് അർധ സെഞ്ച്വറിയാണ് ശ്രേയസ്സ് നേടിയത്.