
‘രോഹിത് ശര്‍മ തടിയന്‍: ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്‍’; വിവാദ പരാമര്‍ശവുമായി ഷമ മുഹമ്മദ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരില്‍ ഒരാള്‍ ആണെന്നും ഷമ വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു ഷമയുടെ വിവാദ പരാമര്‍ശം. രോഹിത് ശര്‍മ ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും എക്‌സ് പോസ്റ്റില്‍ ഷമ പറയുന്നു.
ഷമയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് വെറുപ്പിന്റെ കടയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേസമയം രോഹിത് ശര്‍മയെ ലോകോത്തര കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ച ഉപഭോക്താവിനോട് കടുത്ത ഭാഷയിലാണ് ഷമ മറുപടി നല്‍കിയത്.
‘അദേഹത്തിന്റെ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകോത്തര നിലവാരം എന്താണ്? അദേഹം ഒരു ശരാശരി ക്യാപ്റ്റനും അതുപോലെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്’ എന്നായിരുന്നു ഷമയുടെ മറുപടി.
ഷമ മുഹമ്മദിന്റെ പരാമര്‍ശത്തെ അപലപിച്ച ബിജെപി ലോകകപ്പ് ജേതാവിനെ അനാദരിച്ചുവെന്ന് ആരോപിച്ചു.കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പെടുത്തി ബിജെപിയില്‍ ചേര്‍ന്ന ബിജെപി നേതാവ് രാധിക ഖേര, തന്റെ മുന്‍ പാര്‍ട്ടി പതിറ്റാണ്ടുകളായി കായികതാരങ്ങളെ അപമാനിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഷമ മുഹമ്മദിനെതിരെ ഉയരുന്നത്.