മെല്‍ബണിൽ കളിക്കും; പരിക്കാണെന്ന വാര്‍ത്തകള്‍ തള്ളി രോഹിത് ശര്‍മ
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റത് വലിയ ചർച്ചയായിരുന്നു. പരിക്കേറ്റ രോഹിത് വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും ടെസ്റ്റില്‍ കളിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ടെസ്റ്റിൽ താരം കളിക്കുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍മുട്ടിന് പ്രശ്‌നമൊന്നുമില്ലെന്നും കളിക്കാനാവുമെന്നും രോഹിത് പറഞ്ഞു. പരിശീലിനത്തിന് ഒരുക്കിയ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. തങ്ങള്‍ക്ക് ലഭിച്ചത് ഉപയോഗിച്ച പിച്ചുകളാണെന്നാണ് രോഹിത് പറഞ്ഞത്. അത് അധികൃതരെ അറിയിച്ചിരുന്നു. ഇന്നാണ് പുതിയ പിച്ചില്‍ കളിക്കാന്‍ സാധിക്കൂകയൊള്ളു എന്ന് രോഹിത് വ്യക്തമാക്കി.
തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. . ഒരു ബാക്ക് അപ്പ് സ്പിന്നറെന്ന നിലയിലാണ് താരത്തെ ഉള്‍പ്പെടുത്തിയതെന്ന് രോഹിത് പറഞ്ഞു. തനുഷ് ഇവിടെ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.
നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ കെ.എൽ രാഹുലിന്റെ കൈയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് രോഹിത്തിന് പരിക്കേറ്റത്. കാൽമുട്ടിന് പരുക്കേറ്റതിന് ശേഷവും കുറച്ച് നേരം രോഹിത് നെറ്റ്സിലെ പരിശീലനം തുടർന്നിരുന്നു. പിന്നീട് ഫിസിയോയെ കണ്ട് ചികിത്സ തേടുകയായിരുന്നു. ഐസ്ബാഗ് ഉപയോഗിച്ച് ഫിസിയോ രോഹിത്തിന് ചികിത്സ നൽകി. ഇതോടെയാണ് നിർണായകമായ ബോക്സിങ് ഡേ ടെസ്റ്റിൽ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ സംശയം ഉയർന്നത്.