
ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ; കേരളത്തിലെ സമരത്തിന്റെ എഫക്ടെന്ന് സമരക്കാർ
ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ പുതുച്ചേരി സര്‍ക്കാരിന്റെ തീരുമാനം. പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് അറിയിച്ചത്. നിലവില്‍ 10,000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നത്.
10,000 രൂപയില്‍ 7000 സംസ്ഥാനവും 3000 കേന്ദ്രവിഹിതവുമാണ്. ഇന്‍സെന്റീവിന് പുറമേയാണിത്. സംസ്ഥാനത്ത് 328 ആശ വര്‍ക്കര്‍മാരാണുള്ളത്. കേന്ദ്രാനുമതി ലഭിച്ചാല്‍ 305 പേരെ കൂടി നിയമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. കേരളത്തില്‍ ആശമാര്‍ നടത്തുന്ന സമരത്തിന്റെ എഫക്ട് ആയിട്ടാണ് പുതുച്ചേരി സര്‍ക്കാരിന്റെ നീക്കത്തെ കാണുന്നതെന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാര്‍ പറയുന്നു.
സമരം ഇന്ന് 47 ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നിരാഹാരം ഇരുന്ന ആശാപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബിന്ദു ആശാവര്‍ക്കര്‍ കെപി തങ്കമണി എന്നിവരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് പകരമായി പുത്തന്‍തോപ്പ് സിഎച്ച്‌സിയിലെ ആശാവര്‍ക്കര്‍ ബീനാപീറ്റര്‍, പാലോട് സിഎച്ച്‌സിയിലെ എസ്എസ് അനിതകുമാരി എന്നിവര്‍ നിരാഹാര സമരം ഏറ്റെടുത്തു.