
ബിജെപിക്കെതിരെ ‘യമുനയിലെ വിഷവെള്ള’ പരാമർശം; വിശദീകരണം നൽകി കെജ്‌രിവാൾ
ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാര്‍ യമുനാ നദിയില്‍ വിഷം കലക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നല്‍കി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത വിമര്‍ശനത്തിനു പിന്നാലെയാണു 14 പേജുള്ള വിശദീകരണക്കത്ത് കെജ്രിവാള്‍ കൈമാറിയത്.
ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കു പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ യമുനയിലെ അമോണിയ അളവ് ഉയര്‍ന്നെന്നു ഡല്‍ഹി ജല ബോര്‍ഡിനെ ഉദ്ധരിച്ച് കേജ്രിവാള്‍ പറഞ്ഞു. ”ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമാണു ഡല്‍ഹിക്കു കുടിവെള്ളം കിട്ടുന്നത്. അടുത്തിടെ ലഭിക്കുന്ന വെള്ളം വളരെ മലിനവും ആരോഗ്യത്തിനു ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുകയാണ്. ഡല്‍ഹി ജല ബോര്‍ഡിന്റെ ജാഗ്രത കൊണ്ടാണു തടയാനായത്”- കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്കു നല്ല വെള്ളം ലഭ്യമാക്കാന്‍ ഹരിയാനയോടു നിര്‍ദേശിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടു കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം എഎപി തലവനായ കെജ്രിവാളിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. തങ്ങള്‍ തന്നെ കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുമോ എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്. ”5 വര്‍ഷം മുന്‍പു കെജ്രിവാള്‍ യമുനയില്‍ കുളിക്കുമെന്നും വെള്ളം കുടിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഇന്നുവരെ അദ്ദേഹം യമുനയിലെ വെള്ളം കുടിച്ചിട്ടില്ല” എന്നുമായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.