ആലപ്പുഴയില്‍ പക്ഷിപ്പനി ആശങ്ക ഒഴിയുന്നു; 10 ദിവസത്തിനിടെ പുതിയ കേസുകളില്ല

ആലപ്പുഴയില്‍ പക്ഷിപ്പനി ആശങ്ക ഒഴിയുന്നു; 10 ദിവസത്തിനിടെ പുതിയ കേസുകളില്ല

ആലപ്പുഴ: ജില്ലയില്‍ 10 ദിവസത്തിനിടെ പുതിയ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. ഇതോടെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കും. ഭോപാലിലെ ലാബിലേക്ക് അയച്ച മുഴുവന്‍ സാമ്പിളുകളുടെയും ഫലം കിട്ടിയെന്നത് ആശ്വാസകരമാണ്. ഏപ്രില്‍ തുടങ്ങിയ രോഗവ്യാപനത്തിലൂടെ ജില്ലയില്‍ 29 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗമുക്തമാക്കുന്നതുവരെ പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം തുടരും.

ജൂണ്‍ 27ന് ചേന്നം പള്ളിപ്പുറത്തുനിന്ന് ശേഖരിച്ച സാമ്പിളിലാണ് അവസാനമായി രോഗം കണ്ടെത്തിയത്. ഇതിനുശേഷം ജില്ലയില്‍ എവിടെയും പക്ഷികള്‍ കൂട്ടത്തോടെ ചാകുന്ന കേസുകളുണ്ടായിട്ടില്ല. ചേന്നം പള്ളിപ്പുറം, വലയാര്‍ പഞ്ചായത്തുകളിലെ പ്രഭവകേന്ദ്രമായ വാര്‍ഡുകളില്‍ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിക്കുന്ന കള്ളിങ് നടപടികള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി.

ശനിയാഴ്ചയും ഇത് തുടരും. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ 12ാം വാര്‍ഡിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുമാണ് മുഴുവന്‍ പക്ഷികളെയും കൊന്ന് സംസ്‌കരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി കാക്കകള്‍ക്കും കൊക്കിനും പരുന്തിനും രോഗം കണ്ടെത്തിയത് ആശങ്ക പടര്‍ത്തിയിരുന്നു. തുടക്കത്തില്‍ താറാവിനായിരുന്നു രോഗം. പിന്നീടത് കോഴികളിലേക്കും വ്യാപിച്ചു. വിവിധ ഇടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചാകുന്ന സ്ഥിതിയുമുണ്ട്.

ഇതിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം രോഗബാധിത മേഖകളിലെത്തി കര്‍ഷകരും ജനപ്രതിനിധികളുമായി സംവദിച്ച് ടോംസ് ഓഫ് റഫറന്‍സ് പ്രകാരം രൂപരേഖയും തയാറാക്കി. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ വ്യാപനത്തിന്റെ കാരണം തേടിയാണ് സംഘമെത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )