‘അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല’; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

‘അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല’; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

ലക്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി അറിയിച്ചു. ആനന്ദിനെ തന്റെ ‘രാഷ്ട്രീയ പിന്‍ഗാമി’ സ്ഥാനത്തുനിന്നും നീക്കം ചെയ്തതായുള്ള സൂചന കൂടിയാണ് മായാവതിയുടെ പുതിയ പ്രഖ്യാപനം. ആനന്ദ് പൂര്‍ണ്ണ പക്വത കൈവരിക്കുന്നതുവരെ പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ തീരുമാനമെടുത്തതെന്ന് മായാവതി ‘എക്സില്‍’ കുറിച്ചു.

തന്റെ സഹോദരനും ആകാശ് ആനന്ദിന്റെ പിതാവുമായ ആനന്ദ് കുമാര്‍ ഈ ഉത്തരവാദിത്തങ്ങള്‍ പഴയതുപോലെ നിറവേറ്റുമെന്ന് മായാവതി പറഞ്ഞു. പാര്‍ട്ടി ഉത്തവാദിത്തത്തില്‍ നിന്നും 29 കാരനായ ആകാശ് ആനന്ദിനെ നീക്കം ചെയ്തതിന് പിന്നിലെ കൃത്യമായ കാരണം മായാവതി പരാമര്‍ശിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ദിവസത്തിലാണ് അവരുടെ അപ്രതീക്ഷിത തീരുമാനം.

‘ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറുടെ ആത്മാഭിമാനത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനം കൂടിയാണ് ബിഎസ്പി. ശ്രീ കാന്‍ഷി റാം ജിയും ഞാനും ഞങ്ങളുടെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചിരിക്കുന്ന സാമൂഹിക മാറ്റത്തിനും. പുതിയ തലമുറയും അതിന് ഊര്‍ജം പകരാന്‍ തയ്യാറെടുക്കുകയാണ്’ എന്ന് മായാവതി എക്‌സിലെ കുറിപ്പില്‍ പങ്കുവെച്ചു.

‘ഈ ദിശയില്‍, പാര്‍ട്ടിയിലെ മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ആകാശ് ആനന്ദിനെ ദേശീയ കോ-ഓര്‍ഡിനേറ്ററായും അദ്ദേഹത്തിന്റെ പിന്‍ഗാമിയായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും വലിയ താല്‍പ്പര്യം കണക്കിലെടുത്ത്, ഈ രണ്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകണ്. അവന്‍ പൂര്‍ണ്ണ പക്വത പ്രാപിക്കുന്നതുവരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്നാല്‍, ആനന്ദ് കുമാര്‍ പാര്‍ട്ടിയിലും പ്രസ്ഥാനത്തിലും പഴയതുപോലെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും’ എന്നും മായാവതി പോസ്റ്റിലൂടെ പങ്കുവെച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )