മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകര്‍ന്ന് വീണ പരസ്യ ബോര്‍ഡിനുള്ളില്‍ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പതിനാല് പേരുടെ ജീവനാണ് ദുരിതത്തില്‍ ഇത് വരെ പൊലിഞ്ഞത്. അറുപത് പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ ഗൗരവ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിലെ പെട്രോള്‍ പമ്പിന് സമീപം സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്ന് വീണത്. അതേസമയം ബില്‍ബോര്‍ഡ് സ്ഥാപിച്ചത് അധികൃതരുടെ അനുമതിയോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. പെട്രോള്‍ പമ്പിലുണ്ടായിരുന്ന കാറുകളുടെ മുകളിലേക്കാണ് പരസ്യബോര്‍ഡിന്റെ ഇരുമ്പ് ഭാഗം വീണത്. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിലാണ് മുന്‍ഗണനയെന്ന് സംഭവത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചിരുന്നു. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ സര്‍ക്കാര്‍ ഉറപ്പുവരുത്തും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മുംബൈയിലെ എല്ലാ പരസ്യ ബോര്‍ഡുകളും പരിശോധിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

മുംബൈയില്‍ മണിക്കൂറുകളായി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതോടെ നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി. നഗരത്തില്‍ പൊടിക്കാറ്റാണ് ആഞ്ഞടിക്കുന്നത്. ആകാശത്തില്‍ ആകെ പൊടി നിറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസ്, മെട്രോ ട്രെയിന്‍, വിമാനത്താവളം എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )