കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി പിടിയിൽ
കൊച്ചി: ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു.
ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്‍റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.