
ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ കേസ്; കെ സുധാകരനെ ചോദ്യം ചെയ്തേക്കും
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസില്‍ കെ സുധാകരനെ ചോദ്യം ചെയ്‌തേക്കും. എന്‍ എം വിജയന്‍ തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ തേടുന്നതിനാണ് പൊലീസ് നീക്കം. സാമ്പത്തിക ബാധ്യതകള്‍ വിശദീകരിച്ച് നേരത്തെ രണ്ട് തവണ എന്‍ എം വിജയന്‍ കെ സുധാകരന് കത്തയച്ചിരുന്നു. എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരന്‍ സമ്മതിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. നേരത്തെ തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സമചിത്തത പാലിക്കണമെന്ന് നേതാക്കളോട് പറഞ്ഞിരുന്നു. പച്ചമലയാളത്തില്‍ എല്ലാവരും തൂങ്ങും, മാന്യമായി കൈകാര്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനോട് ഉള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ കോണ്‍ഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരും. കേസിലെ രണ്ടാം പ്രതി ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മൂന്നാം പ്രതി മുന്‍ കോണ്‍ഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവരെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് പ്രതികള്‍ പൂര്‍ണമായി സഹകരിച്ചു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേ സമയം കെകെ ഗോപിനാഥന്റെ വീട്ടില്‍ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്. രണ്ടു പ്രതികളും മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ ഓഫീസില്‍ ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ ചീഫ് സെഷന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേ സമയം, കേസിലെ ഒന്നാംപ്രതി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ വരുന്ന 25-ാം തീയതിക്ക് മുമ്പായി ഏതെങ്കിലും ഒരു ദിവസം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ വരുന്ന മൂന്നു ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരാകും. എന്‍എം വിജയന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനായി വിജിലന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കല്‍പ്പറ്റ ചീഫ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്.