ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം ദുരൂഹമായി മരിച്ചത് ആറുപേർ; വില്ലന്‍ മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം
കോഴിക്കോട്: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും അതുമൂലമുള്ള മരണവും കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് മരിച്ചതെന്ന് സംശയിക്കുന്ന ആറ് കേസുകളാണുള്ളത്.
ഈ പ്രദേശങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നതിൽ ആശങ്കയിലാണ് ഇവിടുത്തുകാർ. ഒഞ്ചിയം സംഭവത്തിന് ശേഷം സംശയം നിലനിൽക്കുന്ന മരണങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കണക്കുകളും പൊലീസ് എടുത്തുവരുന്നുണ്ട്.
ഈ പ്രദേശത്ത് തന്നെ മൂന്ന് മാസം മുമ്പ് ഒരു യുവാവിനെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണത്തിലും മയക്കുമരുന്ന് ഉപയോഗം സംശയിക്കുന്നുണ്ട്. കൊയിലാണ്ടിയിലെ ഒരു യുവാവ് മരിച്ചതും മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണെന്നാണ് സംശയം. മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു.
വടകര ടൗണിലെ ലോഡ്ജിൽ ഒരു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഓർക്കാട്ടേരിയിലും ദുരൂഹ സാഹചര്യത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. ഒഞ്ചിയം ഭാഗത്ത് പ്രവാസിയായ യുവാവിനെ കൈനാട്ടി മേൽപ്പാലത്തിന് അടിഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരടക്കം പിടിക്കപ്പെട്ടിരുന്നു.