രജനികാന്ത് ചിത്രത്തിലെ പാട്ടിന് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഇളയരാജ

രജനികാന്ത് ചിത്രത്തിലെ പാട്ടിന് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഇളയരാജ

ജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന ‘കൂലി’ സിനിമയ്‌ക്കെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറില്‍ ഉപയോഗിച്ചു എന്നതാണ് പരാതി.

ഏപ്രില്‍ 22-നാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ ടീസര്‍ പുറത്ത് വന്നത്. ഒന്നര കോടി പ്രേക്ഷകരാണ് ടീസര്‍ യൂട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത്. ടീസറിലെ രജനികാന്തിന്റെ മാസിനെ ഹൈപ്പിലെത്തിക്കാന്‍ അനിരുദ്ധിന്റെ ബിജിഎം സ്‌കോറിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സ്‌കോര്‍ ‘തങ്കമകന്‍’ എന്ന സിനിമയ്ക്ക് വേണ്ടി ”വാ വാ പക്കം വാ” എന്ന ഇളയരാജ ഒരുക്കിയ പാട്ട് പുനസൃഷ്ടിച്ചതാണ്. പാട്ടിലെ ”ഡിസ്‌കോ ഡിസ്‌കോ” എന്ന ഭാഗമാണ് കൂലി ടൈറ്റില്‍ ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്.

സംവിധായകന്‍ ലോകേഷ് കനകരാജ് മുന്‍പുള്ള സിനിമകളിലും പഴയ പാട്ടുകള്‍ അനുവാദം കൂടാതെ ഉപയോഗിക്കുന്നു എന്ന് ഇളയരാജയുടെ പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ ‘വിക്രം’ ചിത്രത്തിലെ ”വിക്രം.. വിക്രം” എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ സംവിധായകന്റെ തന്നെ നിര്‍മ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ ‘എന്‍ ജോഡി മഞ്ച കുരുവി’ എന്ന ഗാനത്തിന്റെ സംഗീതവും അനുമതിയില്ലാതെ പുനര്‍നിര്‍മ്മിച്ചതായി ആക്ഷേപമുണ്ട്.

1957-ലെ പകര്‍പ്പവകാശ നിയമപ്രകാരമാണ് ഇളയരാജ പരാതി നല്‍കിയിരിക്കുന്നത്. കൂലി ടൈറ്റില്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘വാ വാ പക്കം വാ’ എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ രീതിയില്‍ അനുമതി നേടണമെന്നും അല്ലെങ്കില്‍ ടീസറില്‍ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ ‘കൂലി’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഇളയരാജ നല്‍കിയ നോട്ടീസില്‍ സൂചിപ്പിക്കുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )