ബാബരിയുടെ വിധി ഉണ്ടാകും ! ഹിന്ദു സംഘടനയുടെ ഭീഷണിയെത്തുടർന്ന് ഔറംഗസേബിന്റെ ശവകുടീരത്തിൽ കനത്ത സുരക്ഷ

ബാബരിയുടെ വിധി ഉണ്ടാകും ! ഹിന്ദു സംഘടനയുടെ ഭീഷണിയെത്തുടർന്ന് ഔറംഗസേബിന്റെ ശവകുടീരത്തിൽ കനത്ത സുരക്ഷ

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്റെ ശവകുടീരത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ”ബാബരി മസ്ജിദിന് സമാനമായ വിധി” ഉണ്ടാകുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെയും, ബജ്റംഗ്ദളിന്റെയും ഭീഷണിയെ തുടര്‍ന്നാണ് നടപടി. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച നാഗ്പൂര്‍ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. മഹാരാഷ്ട്രയിലെ സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ബജ്റംഗ്ദള്‍ നേതാവ് നിതിന്‍ മഹാജന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശവകുടീരത്തിന് ബാബരി മസ്ജിദിന്റെ അതേ വിധി നേരിടേണ്ടിവരുമെന്ന ഭീഷണിയും നിതിന്‍ മഹാജന്‍ മുഴക്കിയിരുന്നു. രാജ്യത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയായ ബാബരി മസ്ജിദ് 1992 ഡിസംബര്‍ 6 ന് ‘കര്‍ സേവക്’ എന്നറിയപ്പെടുന്ന ഒരു വലിയ സംഘം ഹിന്ദു പ്രവര്‍ത്തകര്‍ തകര്‍ത്തു. വിഎച്ച്പി, ബജ്രംഗ്ദള്‍, മറ്റ് സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആ വിവാദ പൊളിച്ചുമാറ്റല്‍ നടന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങള്‍ തുടര്‍ന്നു. സുപ്രീം കോടതി വിധിയില്‍ ബാബരി ഭൂമി രാമക്ഷേത്ര ഭൂമിയാണെന്നും (ക്ഷേത്രം) നിര്‍മ്മിക്കുന്നതിനായി ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുകയും ചെയ്തു. അതേസമയം, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയുന്നതിനായി ഒരു ബദല്‍ ഭൂമി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ സമാധാനപരമായി ജീവിക്കാന്‍ ബജ്റംഗ്ദളും വിഎച്ച്പിയും ആഗ്രഹിക്കുന്നില്ലെന്ന് വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിജയ് വഡെറ്റിവാര്‍ എടുത്തു പറഞ്ഞു.

”അവര്‍ക്ക് (വിഎച്ച്പിയും ബജ്രംഗ്ദളും) മറ്റൊന്നും ചെയ്യാനില്ല… മഹാരാഷ്ട്രയിലെ ജനങ്ങള്‍ സമാധാനപരമായി ജീവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല… സംസ്ഥാനത്തിന്റെ വികസന വേഗത മന്ദഗതിയിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു… ഔറംഗസേബ് 27 വര്‍ഷമായി ഇവിടെ ഉണ്ടായിരുന്നു. ഇനി, അദ്ദേഹത്തിന്റെ ശവക്കുഴി നീക്കം ചെയ്തതിനുശേഷം അവര്‍ക്ക് എന്ത് ലഭിക്കും,” വഡെറ്റിവാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് അതുല്‍ ലോന്ധെ പാട്ടീല്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും അത് മറച്ചുവെയ്ക്കാന്‍ സര്‍ക്കാര്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയാണെന്നും പാട്ടീല്‍ ആരോപിച്ചു. ”കര്‍ഷകര്‍ വൈദ്യുതിയും വെള്ളവും ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നു… തൊഴിലില്ലായ്മ വര്‍ദ്ധിച്ചു… ഈ പ്രശ്‌നങ്ങളെല്ലാം മറച്ചുവെക്കാന്‍, ബിജെപി ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പുതിയ പ്രശ്‌നങ്ങള്‍ കൊണ്ടുവരുന്നു… അവര്‍ പിഎഫ്, പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് ആളുകളെ ഓഹരി വിപണിയിലേക്ക് തിരിച്ചുവിട്ടു… ഇപ്പോള്‍, 5 മാസത്തിനുള്ളില്‍, സാധാരണക്കാര്‍ ദരിദ്രരായി… പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ അനാവശ്യമായ ഓരോ ചരിത്രപരമായ വിഷയങ്ങളില്‍ കുടുങ്ങി… ഇത്തവണ ജനങ്ങള്‍ അതില്‍ വീഴാന്‍ പോകുന്നില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം,” പാട്ടീല്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )