ആ ട്രോളി ബാഗില്‍ കള്ളപ്പണമോ? ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി

ആ ട്രോളി ബാഗില്‍ കള്ളപ്പണമോ? ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കള്ളപ്പണ വിവാദത്തില്‍ ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മാത്രമുള്ള നിര്‍ദ്ദേശത്തില്‍ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. അതേസമയം, ഡിവൈഎഫ്ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോണ്‍ഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്.

പൊതുജങ്ങള്‍ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്ക്കെതിരെ കോണ്‍ഗ്രസും ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുല്‍് പറഞ്ഞു. എന്തിനാണ് ഇത്രയുമധികം വസ്ത്രങ്ങള്‍ എന്ന സിപിഐഎം ചോദ്യത്തിന് ഏതെല്ലാം വസ്ത്രങ്ങള്‍ കൊണ്ടുപോകണം എന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങണോയെന്നുമായിരുന്നു രാഹുലിന്റെ മറുപടി. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെ. ഏത് പൊലീസ് അന്വേഷണവുമായും താന്‍ സഹകരിക്കും. തന്റെ ട്രോളി ബാഗില്‍ എത്ര വസ്ത്രം കൊണ്ടു നടക്കണമെന്ന് പറയാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആരാണെന്നും, എല്ലാ കാര്യവും അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

രണ്ടാമത്തെ ബാഗിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന്, അവ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു രാഹുലിന്റെ മറുപടി. രണ്ടാമത്തെ ബാഗ് എടുക്കാന്‍ ധൃതി പിടിച്ചത് പെട്ടെന്ന് കോഴിക്കോട്ടേക്ക് പോകാനിറങ്ങുമ്പോളാണ്. തന്റെയടുക്കല്‍ എപ്പോഴും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഉണ്ടാവാറുണ്ട്. ഫ്‌ലാറ്റില്‍ നിന്നല്ല വസ്ത്രങ്ങളുമായി കെപിഎം ഹോട്ടലിലേക്ക് വന്നത്. സംശയമുണ്ടെങ്കില്‍ ഫ്‌ലാറ്റിലെ സിസിടിവിയും പരിശോധിക്കാമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, ‘ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം’ എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പാലക്കാട് കോട്ടമൈതാനത്ത് പ്രതിഷേധിച്ചു. പ്രതികൂട്ടില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ പി സരിന്‍ പറഞ്ഞു. അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താല്‍ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും പറഞ്ഞ സരിന്‍ അടിക്കടി വേഷം മാറുന്നവരെയും, വേഷങ്ങള്‍ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )