
മാല ചോദിച്ചെങ്കിലും കൊടുക്കാൻ തയ്യാറായില്ല; അഫാൻ ബന്ധുവായ പെൺകുട്ടിയെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി വിവരം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു പെണ്‍കുട്ടിയെ ആയിരുന്നുവെന്ന് സൂചന. ബന്ധുവായ പെണ്‍കുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു പ്രതി ആദ്യം ലക്ഷ്യമിട്ടിരുന്നത്. പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും നടന്നില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നും പറഞ്ഞിരുന്നു. എന്നാല്‍ കടം നല്‍കാന്‍ പറ്റില്ലെന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.
മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചെങ്കിലും അതും പരാജപ്പെട്ടു. തുടര്‍ന്നാണ് പിതൃമാതാവിലേക്കെത്തുന്നത്. കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നത് തന്നെ ചൊടിപ്പിച്ചിരുന്നുവെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കി. രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയിരുന്നു. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.
അതേസമയം, അഫാന്റെ വധശ്രമത്തിനിടയില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ചുള്ള വിവരം വളരെ വൈകിയാണ് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അഫാനെ കാണിക്കാന്‍ പൊലീസും ബന്ധുക്കളും തയ്യാറായിട്ടില്ല.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.