കേരളത്തിൽ വനിതാ കമ്മീഷൻ പോലെ പുരുഷ കമ്മീഷൻ വേണം: രാഹുൽ ഈശ്വർ
കേരളത്തില്‍ പുരുഷ കമ്മീഷന് വേണമെന്ന ആവശ്യവുമായി വലത് രാഷ്ട്രീയ നിരീക്ഷകന് രാഹുല്‍ ഈശ്വര്‍. ‘വനിതാ കമ്മിഷന് പോലെ, യുവജന കമ്മിഷന് പോലെ, പുരുഷ കമ്മിഷനും വേണമെന്ന് ആവശ്യം ഉന്നയിച്ച് എല്‍ദോസ് കുന്നപള്ളി എംഎല്‍എക്ക് ഡ്രാഫ്റ്റ് നല്കി’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പാറശാല ഷാരോണ്‍ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീറിന്റെ കട്ടൌട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള് കേരള മെന്‍സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ഈ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു രാഹുല്‍ ഈശ്വര്‍.
എന്നാല്‍ പാലഭിഷേകം നടത്താന്‍ പ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. പുരുഷന്മാരെ ആരെങ്കിലും വിഷം കൊടുത്തു കൊന്നാല്‍ പോലും അനുകൂലമായി അനുസ്മരണം നടത്താന്‍ സമൂഹം അനുവദിക്കാത്തതിന്റെ കാരണം കടുത്ത പുരുഷ വിരോധം ആണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. അതുകൊണ്ട് പുരുഷ കമ്മിഷന് വേണമെന്ന് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് കുന്നംപള്ളിക്ക് ഡ്രാഫ്റ്റ് നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിനെ എതിര്‍ത്ത് സംസാരിച്ച ജസ്റ്റിസ് കമാല്‍ പാഷയെ രാഹുല്‍ ഈശ്വര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗ്രീഷ്മ ഗത്യന്തരമില്ലാതെയാണ് ഷാരോണിനെ കൊന്നതെന്നും ഷാരോണ്‍ പുണ്യാളനൊന്നുമല്ലല്ലോ എന്നും എന്തിനാണ് ഗ്രീഷ്മയുടെ വീട്ടില്‍ പോയതെന്നുമുള്ള പരാമര്‍ശം മരിച്ചയാളെ അവഹേളിക്കുന്നതാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.