
ലക്ഷ്യം വികസിത ഇന്ത്യ; ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി
ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ നമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മധ്യവര്‍ഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു. ഇത്തവണത്തെ ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. എല്ലാത്തവണത്തെയും പോലെ നിര്‍ണ്ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുമുണ്ട്. പരിഷ്‌കാരങ്ങള്‍ക്ക് ശക്തി പകരുകയെന്നതാണ് ബജറ്റിന്റെ ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യപൂര്‍ത്തീകരണവും സര്‍ക്കാരിന്റെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ എന്നും പ്രാധാന്യം നല്‍കും.
സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി രാഷ്ട്രപതി പാര്‍ലമെന്റിലെത്തി. രാഷ്ട്രപതിയുടെ അഭിസംബോധനയോടെയായിരിക്കും ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. നാളെയാണ് 2025ലെ കേന്ദ്ര ബജറ്റ് അവതരണം.