പിണറായി സര്‍ക്കാരിന് വന്‍ തലവേദന സമ്മാനിച്ച ഗവര്‍ണര്‍ പടിയിറങ്ങുമ്പോള്‍…
കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ അഞ്ച് വര്‍ഷത്തിലേറെ സജീവ ഇടപെടലുകള്‍ നടത്തിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങുന്നത്. വി.സിമാരെ നിയമിക്കാന്‍ സ്വന്തം നിലയ്ക്ക് സേര്‍ച് കമ്മിറ്റി രൂപീകരിച്ചും താല്‍പര്യമുള്ളവരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് ആക്കംകൂട്ടി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഉപാധി വെച്ച് കൊണ്ട് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതും കരിങ്കൊടിക്കാരെ നേരിടാന്‍ തെരുവിലറങ്ങിയതും 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടതും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഗുരുതര രാഷ്ട്രീയാരോപണങ്ങള്‍ ഉന്നയിച്ചതുമെല്ലാം ആരിഫ് ഖാന്റെ കാലത്തെ അസാധാരണ സംഭവങ്ങളായിരുന്നു.
2024 സെപ്റ്റംബര്‍ 5 രാജ് ഭവനില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ സംഭവ ബഹുലമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ബില്ലുകള്‍, ഓര്‍ഡിന്‍സുകള്‍ ഒപ്പ് വെയ്ക്കുന്നതില്‍ ചോദ്യം ഉന്നയിച്ചും ചിലപ്പോള്‍ ഒപ്പിടാതെ പിടിച്ചുവെച്ചും മറ്റ് ചിലപ്പോഴൊക്കെ തിരസ്‌കരിച്ചും ആരിഫ് മുഹമ്മദ് ഖാന്‍ താനൊരു റബര്‍ സ്റ്റാംപല്ലെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.
വിവാദങ്ങളുടെ നിരന്തര സഹയാത്രികനായിരിക്കുമ്പോഴും ഗവര്‍ണര്‍ പദവിയേയും രാജ് ഭവനെയും ജനകീയമാക്കിയതും ആരിഫ് മുഹമ്മദ് ഖാനാണ്.
ജനങ്ങളുടെ പരാതി കേള്‍ക്കാനും അതില്‍ ഇടപെടുന്നതിനുമായി രാജ് ഭവന്റെ വാതിലുകള്‍ തുറന്നിട്ടു. പ്രോട്ടോക്കോളിന്റെ കാര്‍ക്കശ്യം ഇല്ലാതെ ആഘോഷപരിപാടികള്‍ക്ക് ആതിഥേയനായി. പുറത്തെ ചെറിയ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സന്നദ്ധനായതും ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേകതയായിരുന്നു. രാജ് ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തിയും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു.എല്ലാ പ്രധാന വിഷയങ്ങളിലും മാധ്യമങ്ങളേട് പ്രതികരിക്കുന്നതും ആരിഫ് മുഹമ്മദ് ഖാന്റെ ശീലമായിരുന്നു.ഇനി ഇതെല്ലാം ബിഹാറില്‍ പ്രതീക്ഷിക്കാം.