ഉണ്ടാകാൻ പോകുന്നത് സമ്ബൂര്‍ണ വിനാശം, മുന്നറിയിപ്പുമായി പൊളിറ്റിക്കല്‍ സയന്റിസ്റ്റ്
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിന്റെയും ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം തുടരുന്നതിന്റെയും പശ്ചാത്തലത്തില്‍ റഷ്യൻ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് അലക്സാണ്ടര്‍ ദഗിന്റെ പ്രവചനം ചര്‍ച്ചയാകുന്നു.
മോസ്കോ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിന്റെയും ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം തുടരുന്നതിന്റെയും പശ്ചാത്തലത്തില്‍ റഷ്യൻ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് അലക്സാണ്ടര്‍ ദഗിന്റെ പ്രവചനം ചര്‍ച്ചയാകുന്നു.
മദ്ധ്യേഷ്യ ഉടൻ തന്നെ വലിയ യുദ്ധത്തിന് സാക്ഷിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്തു കൂടിയായ ദഗിൻ പറയുന്നു. ഇസ്രയേലിന്റെ അന്ത്യം അടുത്തതായും സമ്ബൂര്‍ണ വിനാശമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കുറച്ചു താമസിക്കുമെങ്കിലും യുദ്ധമുണ്ടാകും, ഹൂതികള്‍ ആക്രമണം തുടരും. ചെങ്കടലില്‍ കപ്പലുകള്‍ പ്രവേശിക്കില്ല, എണ്ണ വില കുതിച്ചു കയറും, പ്രകോപനങ്ങള്‍ റഷ്യ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മദ്ധ്യഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 195 പേര് കൂടി മരിച്ചതോടെ ഗാസയിലെ മരണസംഖ്യ 21,110 ആയി. ബുറെയ്ജ്, നുസൈറത്ത്, മഘാസി അഭയാര്‍ത്ഥി ക്യാമ്ബുകള്‍ ആക്രമിച്ചു. പരിക്കേറ്റവരുടെ എണ്ണം 55,240 പിന്നിട്ടു. തെക്കൻ ഗാസയില്‍ ഖാൻ യൂനിസിലെ അല്‍ അമാല്‍ സിറ്റി ഹോസ്പിറ്റലിന് സമീപമുണ്ടായ വ്യോമാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു.
ഇതിനിടെ, ജനറല്‍ സായിദ് റാസി മൗസവിയുടെ വധത്തില്‍ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച ഇസ്രയേല്‍ സിറിയയിലെ ഡമാസ്കസിന് സമീപം നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ റെവലൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റാസി കൊല്ലപ്പെട്ടത്. ഇറാനും സിറിയയ്ക്കുമിടെയില്‍ സൈനിക സഖ്യത്തെ ഏകോപിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്.
കറാച്ചി തുറമുഖം ലക്ഷ്യമാക്കി ചെങ്കടലിലൂടെ സഞ്ചരിച്ച കണ്ടെയ്നര്‍ കപ്പലിന് നേരെ ഹൂതികള്‍ നേരത്തെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള തുറമുഖത്ത് നിന്ന് പുറപ്പെട്ട മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് 8 എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആളപായമില്ല. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലം ചെങ്കടല്‍ വഴിയുള്ള ഗതാഗതം മിക്ക ഷിപ്പിംഗ് കമ്ബനികളും ഉപേക്ഷിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ തീരത്തെ ഗുഡ് ഹോപ് മുനമ്ബ് വഴിയുള്ള പാതയാണ് ബദലായി സ്വീകരിക്കുന്നത്.