വയനാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

വയനാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

യനാട്ടിൽ മൂലങ്കാവിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ – അക്കാഡമിക്സ് എ അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.

വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ് പി യുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. വിദ്യാർത്ഥിയുടെ അമ്മയെയും സ്കൂൾ പി ടി എ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും ക്യാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് വിദ്യാർത്ഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർത്ഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരിചയപ്പെടാനാണെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ട് പോയതെന്ന് ശബരിനാഥൻ പറഞ്ഞു. സംഭവത്തിൽ രണ്ട് വി​ദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഏഴു ദിവസത്തേക്കാണ് സസ്പെൻഷൻ. കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ശബരിനാഥനും കുടുംബത്തിനും നീതി ലഭ്യമാക്കുമെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്.അമ്പലവയൽ എംജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളിൽ ചേർന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )