വീൽചെയറിൽ ഇരുന്ന അഭിനവിനെ തേടി പോസ്റ്റ്മാൻ എത്തി; സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ കൈമാറി

വീൽചെയറിൽ ഇരുന്ന അഭിനവിനെ തേടി പോസ്റ്റ്മാൻ എത്തി; സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ കൈമാറി

തിരുവനന്തപുരം:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർ ചികിത്സയിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിന് (11) സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ തപാൽ വകുപ്പ് കൈമാറി.

2023 നവംബർ 7ന് ആണ് അഭിനവിനെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ പ്രവേശിപ്പിച്ചത്.ഇനിയും 3 മാസം കൂടി ചികിത്സ വേണ്ടി വരും.വിഷുവിന്റെ പിറ്റെ ദിവസവും അഭിനവിന് കീമോയ്ക്കു വിധേയനാകേണ്ടതിനാൽ അഭിനവിനും മാതാപിതാക്കൾക്കും വിഷു ദിനത്തിലും വീട്ടിലെത്താൻ സാധ്യമല്ല.

ഈ സാഹചര്യത്തിലാണ് എല്ലാവരും ഒപ്പമുണ്ട് എന്ന് സന്ദേശം നല്കി വിഷുക്കൈനീട്ടം തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്താണ് ഈ പദ്ധതിയെ കുറിച്ച് ഡോ.ജോൺസൺ വി.ഇടിക്കുളയെ പരിചയപ്പെടുത്തി കൊടുത്തത്.കോട്ടയം സി. എം.എസ് കോളേജ് വിദ്യാത്ഥിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഇളയ മകൻ ഡാനിയേലിനോടാപ്പം തലവടി പോസ്റ്റ് ഓഫീസിൽ നിന്നാണ് വിഷുക്കൈനീട്ടം അയച്ചത്.തപാൽ വകുപ്പ് ഈ പദ്ധതി ആരംഭിച്ചിട്ട് രണ്ട് വർഷമായി.100 രൂപ വിഷുക്കൈനീട്ടമായി അയക്കുന്നതിന് 20 രൂപ കൂടി അധികം പോസ്റ്റ് ഓഫീസിൽ അടയ്ക്കണം. എന്നാൽ 200 രൂപക്ക് 30 രൂപയും 1000 രൂപക്ക് 50 രൂപയും മതിയാകും. ഏപ്രിൽ 10 വരെയായിരുന്നു ഈ പദ്ധതി.സാധാരണ മണി ഓർഡറുകളിൽ നിന്നും വ്യത്യസ്തമായി നാം അയയ്ക്കുന്ന തുകയും ഒരു രൂപയുടെ നാണയം കൂടി ചേർക്കും.വിഷു ദിനം ഞായറാഴ്ചയായതിനാൽ ഇന്ന് തപാൽ വകുപ്പിന്റെ പ്രത്യേക കവറിൽ പോസ്റ്റ്മാൻ വിഷുക്കൈനീട്ടം കൈമാറി.

എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ് അഭിനവ്.ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമായിരുന്നതിനാൽ ഡോ.ജോൺസൺ വി.ഇടിക്കുള ഉൾപ്പെടെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ ‘അഭിനവ് ചികിത്സ സഹായ സമിതി’ രൂപികരിച്ച് ധനസമാഹരണം നടത്തുകയും ഏകദേശം 12 ലക്ഷം രൂപയോളം കൈമാറുകയും ചെയ്തിരുന്നു.എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റര്‍ ടോം ജെ കൂട്ടക്കരയുടെ ഇടപെടലിലൂടെയാണ് ഇവർക്ക് സൗജന്യ താമസ സൗകര്യം തിരുവനന്തപുരത്ത് ലഭിച്ചത്.

വാടക വീട്ടിൽ താമസിച്ചു വരവെ കോവിഡ് ബാധിച്ച് അമ്മയും മുത്തച്ഛനും ഒരാഴ്ചയ്ക്കുള്ളില്‍ മരണ മടഞ്ഞതുമൂലം 6-ാം മാസം അനാഥയായി തീർന്ന സഞ്ചനമോൾക്കും (4) വിഷുക്കൈനീട്ടം അയച്ചു കൊടുത്തു.മുത്തശ്ശിയായ എടത്വ പാണ്ടങ്കരി പനപറമ്പിൽ വത്സലയും ചെറുമകൾ സഞ്ചനയും ഇപ്പോൾ പുറക്കാട് മാളിയേക്കൽ ജി ജയദേവ കുമാറിനോടാപ്പമാണ് താമസം.വത്സലയുടെ സഹോദരൻ ആണ് ജയദേവ കുമാർ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )