വയനാട്ടിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി, കഴുത്തിൽ ആഴത്തിൽ മുറിവുകൾ

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി, കഴുത്തിൽ ആഴത്തിൽ മുറിവുകൾ

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ കണ്ടെത്തിയ ആളെക്കൊല്ലി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി.

രണ്ട് വലിയ മുറിവുകളാണ് കഴുത്തില്‍ കണ്ടെത്തിയത്. രാത്രി രണ്ടരയോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയില്‍ കണ്ടത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )