നടന്‍ ദര്‍ശന്‍ ആരാധകനെ കൊന്നത് നടിയുമായുള്ള ബന്ധം എതിര്‍ത്തതിനാല്‍; കൊലപാതകം നടത്തിയത്‌ ഫാന്‍സുകാരുടെ സഹായത്തോടെ; ഞെട്ടി കന്നഡ സിനിമാ ലോകം

നടന്‍ ദര്‍ശന്‍ ആരാധകനെ കൊന്നത് നടിയുമായുള്ള ബന്ധം എതിര്‍ത്തതിനാല്‍; കൊലപാതകം നടത്തിയത്‌ ഫാന്‍സുകാരുടെ സഹായത്തോടെ; ഞെട്ടി കന്നഡ സിനിമാ ലോകം

ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
കൊല്ലപ്പെട്ട രേണുകസ്വാമി നടന്‍ ദര്‍ശന്‍ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ രേണുക സ്വാമി എതിര്‍ത്തത്. ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ദര്‍ശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടര്‍ന്നു പിടികൂടി ബെംഗളൂരുവില്‍ എത്തിച്ചത്. ദര്‍ശന്റെ മാനേജര്‍ പവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദര്‍ഗയില്‍ നിന്നു കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. 9 നു കാമാക്ഷിപാളയയില്‍ നിന്നു മൃതദേഹം കണ്ടെടുത്തത് പരിസരത്തെ അപ്പാര്‍ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ്. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു. മൃതദേഹം ചിത്രദുര്‍ഗ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദര്‍ശനിലേക്ക് എത്തിച്ചേര്‍ന്നത്.

ദര്‍ശനും മാനേജര്‍ പവനും നടത്തിയ ഫോണ്‍ കോളുകളും മറ്റു ഡിജിറ്റല്‍ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മര്‍ദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക് ക്ഷതമേല്‍പ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളില്‍ പരുക്കേല്‍പ്പിച്ചുമാണ് കൊലപാതകം നടത്തിയത്. നേരത്തെ ദര്‍ശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ച വിജനമായ 5 ഏക്കര്‍ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദര്‍ശന്റെ വീടിനു 2 കിലോമീറ്റര്‍ ചുറ്റളവിലാണിത്. 7 ദിവസത്തേക്ക് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത ദര്‍ശനെയും കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )