വിദ്യാര്‍ത്ഥികള്‍ക്ക് സൗഹൃദത്തിന്റെ പേരിലാണ് കാര്‍ നല്‍കിയത്. വാടകയ്ക്കല്ലെന്ന് കാര്‍ ഉടമ
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്ന് വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാന്‍. വിദ്യാര്‍ത്ഥി മുഹമ്മദ് ജബ്ബാറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമയ്ക്ക് പോകാനായി കാര്‍ നല്‍കിയത്. മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് കഴിഞ്ഞ രണ്ടുമാസമായുള്ള പരിചയമാണ് മുഹമ്മദ് ജബ്ബാറുമായി തനിക്കുള്ളതെന്നും ഉടമ വ്യക്തമാക്കി. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. മഴയായതുകൊണ്ട് വാഹനം നല്‍കണമെന്ന് മുഹമ്മദ് ജബ്ബാര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.അതുകൊണ്ട് തന്നെ വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവേര കാറാണ് നല്‍കിയിരുന്നത്. വണ്ടിയില്‍ ആവശ്യത്തിനുള്ള ഡീസല്‍ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്കും സിനിമയ്ക്ക് പോകണമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ഷാമില്‍ ഖാന്‍ പ്രതികരിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് വാഹന ഉടമ ഷാമില്‍ ഖാന്റെ മൊഴിയെടുത്തിട്ടുണ്ട്.
2010 രജിസ്‌ട്രേഷനാണ് വാഹനം. വാഹനത്തിന്റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്റ് എ കാര്‍ അല്ലെങ്കില്‍ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല 14 വര്‍ഷത്തെ പഴക്കമാണ് വാഹനത്തിനുള്ളത് എയര്‍ ബാഗും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷവര്‍ലെറ്റിന്റെ ടവേര വാഹനത്തിന് സെവന്‍ സീറ്റര്‍ കപ്പാസിറ്റിയാണുള്ളത്.
അതേസമയം, അപകടത്തില്‍ പരുക്കേറ്റ ആറ് വിദ്യാര്‍ത്ഥികളില്‍ എടത്വ സ്വദേശി ആല്‍വിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. കാറില്‍ സഞ്ചരിച്ചത് 11 വിദ്യാര്‍ത്ഥികളായിരുന്നു. ഇതില്‍ അഞ്ചു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍.കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. റോഡില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവര്‍ലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആര്‍ടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവര്‍ക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കും. ഒരു വസ്തുമുന്നില്‍ കണ്ട് കാര്‍ വെട്ടിച്ചെന്നായിരുന്നു ഡ്രൈവര്‍ ആയിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞത്.