വിശ്രമിക്കാതെ കെഎസ്ഇബി; ഒടുവിൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി

വിശ്രമിക്കാതെ കെഎസ്ഇബി; ഒടുവിൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് കെഎസ്ഇബിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം കണ്ടു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് കെഎസ്ഇബി അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായതായി കെഎസ്ഇബി അറിയിച്ചു.

അതേസമയം ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു കെഎസ്ഇബി ജീവനക്കാർ വൈദ്യുതി പുനസ്ഥാപിച്ചത്. കെ എസ്‌ ഇ ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് വൈകിട്ടോടെ ഫലം കണ്ടത്. ചൂരൽമല ടൗണിലെ പ്രകാശസംവിധാനവും ഇതോടെ സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചയോടെ ഉരുൾപൊട്ടൽ ഉണ്ടായ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചിരുന്നു. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് പുതിയ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ലഭിക്കുന്ന പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.

മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ട് ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )