ആ അഞ്ച് ജീവനെടുത്തത് ഞങ്ങള്‍ തന്നെ…നാട്ടികയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികള്‍
തൃശൂര്‍ നാട്ടികയിലുണ്ടായ ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. മദ്യലഹരിയില്‍ മയങ്ങിപ്പോയെന്ന് ക്ലീനര്‍ അലക്സ് മൊഴി നല്കി. യാത്രക്കിടയില്‍ ഡ്രൈവറുമായി തുടര്‍ച്ചയായി മദ്യപിച്ചെന്നും അലക്സ് പറഞ്ഞു. 20 സെക്കന്റ് കണ്ണടച്ചു പോയെന്നും വാഹനം എന്തിലോ തട്ടുന്നതായി തോന്നിയപ്പോള്‍ വെട്ടിച്ചുവെന്നും അലക്സിന്റെ മൊഴിയിലുണ്ട്. നിലവിളി കേട്ടപ്പോള്‍ രക്ഷപ്പെടാന്‍ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി.
നാട്ടികയില്‍ നാടോടികളായ ആളുകള്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ജെകെ തിയേറ്ററിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര് ഗുരുതരാവസ്ഥയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ കാളിയപ്പന് (50), നാഗമ്മ (39), ബംഗാഴി (20), ജീവന് (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. തടി കയറ്റി വന്ന ലോറി കണ്ണൂരില്‍ നിന്നാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോറിയുടെ ഡ്രൈവറും കണ്ണൂര്‍ സ്വദേശിയുമായ അലക്സിനെ (33) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ക്ലീനറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ദേശീയപാതയ്ക്ക് സമീപം ഉറങ്ങുകയായിരുന്ന നാടോടികളായ കുടുംബത്തിലേക്ക് ലോറി ഇടിച്ചുകയറി ആളുകളെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡ് പണി നടക്കുന്ന സ്ഥലത്താണ് നാടോടികളായ ആളുകളെ താമസിപ്പിച്ചത്. പണി നടക്കുന്നതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. ലോറി ഡ്രൈവര്‍ വഴിതിരിച്ചുവിടല്‍ ബോര്‍ഡ് അവഗണിച്ച് ടെന്റില്‍ ഉറങ്ങിക്കിടന്നവരെ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിതവേഗതയിലെത്തിയ ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്താണ് റോഡിലിറങ്ങിയത്. ചിലര്‍ ലോറിക്കടിയില്‍ കുടുങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.