
ഡയറിയില്‍ നിന്ന് ‘ഐ ക്വിറ്റ്’ എന്നെഴുതിയ കുറിപ്പ്; അമ്മു സജീവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചുമത്തി
പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചേര്‍ത്തു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളുമായുള്ള തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയായി. പ്രതികളുടെ കസ്റ്റഡി കാലാവാധി നാളെ അവസാനിക്കും. പ്രതികളുടെ മൊബൈല്‍ ഫോണുകളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഇനി മുതല്‍ ഡിവൈഎസ്പിക്കായിരിക്കും.
അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ആത്മഹത്യാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമ്മുവിന്റെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സജീവ് ആരോപിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ലെന്നും കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ചികിത്സയ്ക്കായി ദൂരേയ്ക്ക് കൊണ്ടുപോയതില്‍ സംശയമുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരനും പറഞ്ഞിരുന്നു.
അമ്മുവിന്റെ ഡയറിയില്‍ നിന്ന് ‘ഐ ക്വിറ്റ്’ എന്നെഴുതിയ കുറിപ്പ് ലഭിച്ചതോടെ ആത്മഹത്യ എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ആരോപണം അമ്മുവിന്റെ കുടുംബം തള്ളി.
ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്നായിരുന്നു പിതാവ് പറഞ്ഞത്. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം ആരോപിച്ചിരുന്നു.