കൊലപാതകം എക്സിക്യൂട്ട് ചെയ്തത് ആർഷോ ആയിരിക്കും, കേരളസര്‍ക്കാര്‍ ചതിച്ചു: സിദ്ധാർത്ഥന്‍റെ പിതാവ്

കൊലപാതകം എക്സിക്യൂട്ട് ചെയ്തത് ആർഷോ ആയിരിക്കും, കേരളസര്‍ക്കാര്‍ ചതിച്ചു: സിദ്ധാർത്ഥന്‍റെ പിതാവ്

തിരുവനന്തപുരം: വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ കേസെടുക്കണമെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. രാവിലെയും വൈകുന്നേരവും എട്ടുമാസക്കാലം ഉടുതുണിയില്ലാതെ സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആന്റി റാഗിംങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുള്ളതാണിത്. അവനെ ഉപദ്രവിച്ചുകൊണ്ടിരുന്നത് രണ്ട് പെണ്‍കുട്ടികള്‍ കണ്ട് ആസ്വദിക്കുകയായിരുന്നു. അവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജയപ്രകാശ് ആരോപിച്ചു.

ആര്‍ഷോ കോളേജില്‍ വന്നുപോയോ ഇല്ലയോ എന്നത് മൊബൈല്‍ പരിശോധിച്ചാല്‍ മനസ്സിലാവും. എത്രദിവസം പൂക്കോട് റെയ്ഞ്ചില്‍ ഉണ്ടായിരുന്നുവെന്നത് സൈബര്‍ സെല്‍ പരിശോധിച്ചാല്‍ മനസ്സിലാവും. യൂണിയന്‍ റൂമില്‍ പോയിട്ടാണ് സിദ്ധാര്‍ത്ഥന്‍ ഒപ്പിട്ടുകൊണ്ടിരുന്നത്. ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും യൂണിയന്‍ റൂമില്‍ ആര്‍ഷോ വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ ആര്‍ക്ക് വിശ്വസിക്കാനാവും. അവിടെ ഉണ്ടായിരുന്നു. അത് പരിശോധിക്കണം. അവസാന ദിവസം കൊലപാതകം എക്സിക്യൂട്ട് ചെയ്തത് ആര്‍ഷോ ആയിരിക്കുമെന്നും ജയപ്രകാശ് സംശയം പ്രകടിപ്പിച്ചു.

മാവോയിസ്റ്റ് ട്രെയിനിംഗ് കിട്ടിയവരാണ് ഇവര്‍. തീവ്രവാദികളാണ് എസ്എഫ്ഐ. ഇപ്പോള്‍ തന്നെ 150 കേസുണ്ട് ആര്‍ഷോയുടെ പേരില്‍. കേസ് സിബിഐ അന്വേഷിക്കട്ടെയെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ കേരളസര്‍ക്കാര്‍ ചതിച്ചതാണ്. ആഭ്യന്തര മന്ത്രാലയം തന്നെ പറഞ്ഞു പറ്റിച്ചു. തുടക്കത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചു. ഇപ്പോഴും കുടുംബം ആരോപിച്ച പെണ്‍കുട്ടികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എംഎം മണി അക്ഷയ്യെ സംരക്ഷിക്കുന്നത് എന്തിനാണെന്നും ജയപ്രകാശ് പറഞ്ഞു.

തന്റെ ഭാര്യയുടെ ആരോഗ്യം മോശം ആയതിനാലാണ് ഇപ്പോള്‍ പ്രതിഷേധവുമായി പോകാത്തത്. ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ടാല്‍ ക്ലിഫ് ഹൗസിനു മുന്നില്‍ പ്രതിഷേധിക്കും. വേണമെങ്കില്‍ നിരാഹാരമിരിക്കും. കുടുംബവുമായി ഒന്നിച്ച് പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ജയപ്രകാശ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )