കാണാതായ 13 വയസുകാരി ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസിന്റെ വ്യാപക തിരച്ചില്‍. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്.
കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം കുട്ടി കന്യാകുമാരിയിലേക്ക് പോയെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം.
ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി ഇപ്പോള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു. ഇവര്‍ പകര്‍ത്തിയ ചിത്രം പോലീസ് കുട്ടിയുടെ പിതാവിനെ കാണിച്ചു.
ചിത്രത്തിലുള്ളത് തസ്മീക് തന്നെയാണെന്ന് പിതാവ് അന്‍വര്‍ ഹുസൈന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പോലീസ് കന്യാകുമാരിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കാണാതായി 18 മണിക്കൂറോളം പിന്നിട്ടുകഴിഞ്ഞു. കുട്ടിക്ക് അസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല.