ഇന്ത്യയിൽ മലയാളം സിനിമ മാത്രമാണ് വളരുന്നത് ; മണിരത്നം
ഇന്ത്യന്‍ സിനിമയില്‍ സ്ഥിരതയോടെ വളരുന്ന ഒരേയൊരു സിനിമ ഇന്‍ഡസ്ടറി മലയാളം സിനിമ മാത്രം ആണ് എന്ന് സംവിധായകന് മണിരത്നം. കോഴിക്കോട് നടന്ന കേരള ലിട്രേച്ചര്‍ ഫെസ്റ്റില്‍ നടന് പ്രകാശ് രാജുമായി വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു മണിരത്നം. ഒരു മഹാഭാഗ്യമായി കാര്യമെന്തെന്നാല്‍ ഗൗരവതരമായ സിനിമകള്‍ എന്നും മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു എന്നതാണ്.
ജി. അരവിന്ദന്, അടൂര്‍ ഗോപാലകൃഷ്ണന്, പദ്മരാജന് തുടങ്ങിയ സംവിധായകര്‍ ചേര്‍ന്ന് ഇന്‍ഡസ്ട്രിക്ക് തന്നെ ഉന്നതമായൊരു നിലവാരം ഉണ്ടാക്കിയെടുത്തു. അത് അസൂയാര്ഹവുമാണ്, കാരണം തമിഴില്‍ അങ്ങനെയൊന്നു തങ്ങള്‍ക്കില്ലായിരുന്നു. ജനപ്രിയ സിനിമാ സമീപനത്തിനുള്ളില്‍ നിന്നുകൊണ്ടാണ് തമിഴില്‍ സെന്സിബിള് സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടത് എന്നും മണിരത്നം പറഞ്ഞു.
മലയാളം സിനിമ, ഇന്ത്യന്‍ സിനിമക്ക് പ്രമേയ സ്വീകരണത്തിലും തിരക്കഥാരചനയിലും എങ്ങനെ വഴികാട്ടിയാകുന്നുവെന്ന വിഷയം സംവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്തെ പ്രാദേശിക സിനിമകളെയെല്ലാം ബോളിവുഡ് എന്ന ഒറ്റ കുടക്കീഴിനുള്ളില്‍ നിര്‍ത്തിയ കാലഘട്ടം പിന്നിട്ട്, എല്ലാ തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളും സ്വന്തം വിലാസത്തില്‍ അറിയപ്പെടാന്‍ തുടങ്ങി എന്ന് മണിരത്നം പറഞ്ഞു.
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ഇരുവര്‍ റിലീസായി മൂന്ന് പതിറ്റാണ്ടിനു ശേഷം താനും മണിരത്നവും കേരള ലിട്രേച്ചര്‍ ഫെസ്റ്റില്‍ ഒത്തുചേര്‍ന്നു എന്ന് പ്രകാശ്രാജ് Xല്‍ കുറിച്ചു. ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് നടന്ന മേളയില്‍ സാഹിത്യം, സിനിമ, സംഗീതം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.