ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതിനെതിരെ കർശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതിനെതിരെ കർശനനടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്

ഡോക്ടറുടെ നിര്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി . ഇതിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ശക്തമായി ആരംഭിക്കുന്നു.ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18004253182 എന്ന ടോൾ ഫ്രീ നമ്പർ മുഖേന പൊതുജനങ്ങൾക്കും വിവരം അറിയിക്കാവുന്നതാണ് . കൂടാതെ പൊതുജനങ്ങളും മരുന്ന് വ്യാപാരികളും എ.എം.ആറിനെപ്പറ്റി അവബോധമുള്ളവരാകണമെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു .ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയൽറെസിസ്റ്റൻസ് അഥവാ എ.എം.ആർ. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണുക്കൾആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിനേയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്.

അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് എ.എം.ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവർത്തനം ശക്തമാക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ സംസ്ഥാനം രൂപീകരിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇതുവരെ 40 ആശുപത്രികളാണ് കാർസ്നെറ്റ് ശൃംഖലയിൽ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നതാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം .അതേസമയം എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനും ലക്ഷ്യം വയ്ക്കുന്നു. ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കക്കോടി, ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തെ ആദ്യത്തെ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി മാറിയതായും മന്ത്രി കൂട്ടിച്ചേർത്തു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )