
ഡിക്കിയിൽ കിടന്ന് റീൽസ് ചിത്രീകരണം, യുവാവിന് ഇനി ലൈസൻസ് ഇല്ല
കാക്കനാട്: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ കിടന്ന് ആഡംബര കാറിന്റെ റീൽസ് ചിത്രീകരിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സീ പോർട്ട് -എയർപോർട്ട് റോഡിലാണ് സംഭവം. കാർ ഓടിച്ചിരുന്ന അമൽ ദേവിന്റെ ലൈസൻസാണ് എറണാകുളം ആർ.ടി.ഒ സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ റോഡ് ടെസ്റ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ഇത്തരത്തിൽ റോഡിൽ അപകടകരമായ രീതിയിൽ റീലിസ് ചിത്രികരിക്കുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ. അസിമിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഓടുന്ന കാറിന്റെ ഡിക്കിയിലിരുന്ന് അപകടകരമായ രീതിയിൽ രണ്ട് ചെറുപ്പക്കാർ തൂങ്ങി കിടന്ന് റീൽസ് ചിത്രീകരിക്കുന്നത് ഫോണിൽ പകർത്തിയ എം.വി.ഐ, വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ ഉടമയെ കണ്ടത്തി ആർ.ടി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ആഡംബര കാറുകളുടെ റീൽസ് ഷൂട്ട് ചെയ്യാൻ പഠിപ്പിക്കുന്ന എട്ടംഗ സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വീഡിയോ പരിശോധിച്ച ആർ.ടി.ഒ എം. ജെർസൺ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച കുറ്റത്തിന് യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചട്ടുണ്ട്.