അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം; രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു
കൊച്ചി: അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. വൈപ്പിൻ ഫിഷറീസ് മറൈൻ എഫോഴ്‌സ്‌മെന്റ് സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. ഭാരത് രത്ന, ഭാരത് സാഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ നേവി നടത്തുന്ന സീ വിജിൽ തീരസുരക്ഷ മോക് ഡ്രില്ലിന്റെ ഭാഗമായി കഴിഞ്ഞദിവസം നാവികസേന നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ കണ്ടത്.
തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് നടന്നത്. കൊച്ചി സ്വദേശികളായ വികെ അബു, ബെനഡിക്ട് സെബാസ്റ്റ്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പെഴ്‌സീൻ നെറ്റ് ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴയും ചുമത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരിശോധനയിൽ ബോട്ടുകൾക്ക് കടലിൽ സഞ്ചരിക്കാനുള്ള സ്പെഷ്യൽ പെർമിറ്റില്ലെന്നും കടലിൽ സിനിമാ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതിയുണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
ചെല്ലാനം ഹാർബറിൽ മാത്രമാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നതെന്നാണ് ഫിഷറീസ് അധികൃതർ പറയുന്നത്. അനുമതി മറികടന്ന് കടലിലേക്ക് ചിത്രീകരണത്തിന് പോയതാണ് നടപടിയെടുക്കാൻ കാരണം. ബോട്ടിലുണ്ടായിരുന്ന 33 സിനിമാ പ്രവർത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല. ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴയീടാക്കും. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസണ് ഫിഷറീസ് അസി. ഡയറക്ടർ റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരമാകും പിഴ ഈടാക്കുക.