‘നിഷാദ് ഇല്ലെന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു’; നടന്‍ സൂര്യ
എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് സൂര്യ എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു.
സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്. നവംബര്‍ 14 ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം.നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സൂര്യ അനുശോചനം അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്. 43 വയസായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.